Monday, February 18, 2008

തെരുവിലൊരു ബാല്യം...

ഓരോ കണ്ടുമുട്ടലുകളും പ്രസന്നമാകാന്‍ നീ കൊതിച്ചു...പിന്നെ പിന്നെ ഞാനും..ഒഴിവുകള്‍ക്കായി കാത്തിരിക്കാന്‍ തുടങ്ങി. ഈ ലോകത്തിന്റെ സൗന്ദര്യം നിന്റെ കരുത്തിലാണെന്ന്‌ അതേറ്റുവാങ്ങുമ്പോള്‍ എന്റെ മനസ്‌ മന്ത്രിക്കാന്‍ തുടങ്ങി..നിന്റെ രൂപഭാവം എന്റെ വയറ്റില്‍ ചലനങ്ങളായി പരിണമിക്കുമ്പോള്‍ ഇനിയെന്ത്‌ ചെയ്യുമെന്ന ആശയങ്കയൊന്നുമില്ലായിരുന്നു. ദ്രുതഗതിയിലൊരു വിവാഹം നടത്തി നമ്മുടേതായ ഒരു ഭൂമിയിലേക്ക്‌ അതിവേഗമൊരു പറിച്ചുനടല്‍...പക്ഷേ...നീയെവിടെ...ഈ വലിയ പ്രപഞ്ചത്തിലെ ഒരു ചെറിയ തുരുത്തിലേക്ക്‌ എങ്ങനെയൊതുങ്ങാനായി നിനക്ക്‌. നീ തന്ന സുഖത്തേക്കാള്‍ പതിന്മടങ്ങ്‌ വേദന ഞാന്‍ ഏറ്റുവാങ്ങി കഴിഞ്ഞു...നിനക്ക്‌ വേണ്ടാത്ത ബീജത്തെ എനിക്കെന്തിന്‌...തെരുവിലെ അവശിഷ്ടങ്ങള്‍ക്കിടയില്‍ മരണത്തിന്റെ മടിയിലേക്ക്‌ ഞാനിതിനെ കിടത്തുന്നു...എനിക്കറിയാം ഇത്‌ നീയാണ്‌...നിന്നോടുള്ള പ്രതികാരം ഇങ്ങനെങ്കിലും ഞാന്‍ വീട്ടട്ടെ...

മനസമാധാനം നഷ്ടപ്പെട്ട്‌ ആത്മഹത്യ ചെയ്ത ഒരു യുവതിയുടെ കത്തിലെ ഉള്ളടങ്ങളാണിത്‌...വിറയാര്‍ന്ന കൈയാല്‍ കറുത്തമഷി കൊണ്ട്‌ കോറിയിട്ട ആ കുറിപ്പ്‌ കണ്ടപ്പോഴാണ്‌ കഴിഞ്ഞ ദിവസം മലപ്പുറത്ത്‌ വെച്ച്‌ യാദൃശ്ചികമായി കണ്ട കുഞ്ഞിന്റെ ശവശരീരം മനസില്‍ ഓര്‍മ്മ വന്നത്‌...ഒരു പക്ഷേ ഇതു പോലൊരു ശപിക്കപ്പെട്ട അമ്മയാവും അതിനെയും ഉപേക്ഷിച്ചിട്ടുണ്ടാവുക...ആ കാഴ്ചകളിലൂടെ...